കൊച്ചി: കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷു നായക് (26) എന്നിവരാണ് പിടിയിലായത്.
കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.
പ്രതികളെ ഏറെ നാളായി പൊലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡിസിപിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.




