ന്യൂഡൽഹി: യുദ്ധങ്ങളും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിർഗിസ്താനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ ഭീകരവിരുദ്ധ പരാമർശം. പശ്ചിമേഷ്യയിലെ സംഘർഷം എണ്ണ വ്യാപാരം ഉൾപ്പെടെ ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമായി.
ഭീകരവാദത്തെ നേരിടുന്നതിൽ യാതൊരു തരത്തിലുള്ള ഇരട്ടത്താപ്പും അംഗീകരിക്കാനാകില്ലെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിന് ധനസഹായം നൽകുക, ആളുകളെ റിക്രൂട്ട് ചെയ്യുക, സുരക്ഷിത താവളങ്ങൾ ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഭീകരവാദത്തിന്റെ മുഴുവൻ ആവാസവ്യവസ്ഥയും തകർക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ വിവിധ രാജ്യങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും എന്നാൽ ഇത്തരം പദ്ധതികൾ രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും മാനിക്കുന്നതായിരിക്കണമെന്നും മോദി പറഞ്ഞു. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ ലക്ഷ്യമിട്ടായിരുന്നു പരാമർശമെന്നാണ് വിലയിരുത്തൽ.
ചൈനയിലെ സിൻജിയാങ് മേഖലയെ പാകിസ്താനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് ഏകദേശം 3,000 കിലോമീറ്റർ നീളമുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി.


