കോഴിക്കോട്: സമസ്തയെ ഭിന്നിപ്പിക്കാനും തകർക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമസ്ത ഇ.കെ. വിഭാഗം നേതാവും സുപ്രഭാതം ദിനപത്രം റസിഡന്റ് എഡിറ്ററുമായ സത്താർ പന്തല്ലൂർ. സംഘടനയുടെ നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിലെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തിൽ നേതാക്കളുടെയും പ്രവർത്തകരുടെയും വാക്കുകളിലും ഇടപെടലുകളിലും അതീവ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ശത്രുക്കളുടെ കെണിയിൽ വീഴാതിരിക്കാനും ഭിന്നിപ്പിന് ശ്രമിക്കുന്നവർക്ക് അവസരം നൽകാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കണം. മറ്റൊരു പിളർപ്പ് നേരിടാനുള്ള ശേഷി ഇന്ന് സമുദായത്തിനില്ലെന്നും 1989ലെ പിളർപ്പ് ആവർത്തിക്കാൻ അനുവദിക്കരുതെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ദുരുദ്ദേശങ്ങൾ പരാജയപ്പെടട്ടെയെന്നും സംഘടനയുടെ ഐക്യവും മുന്നേറ്റവും തുടർന്നും നിലനിൽക്കട്ടെയെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. സംഘടനയുടെ ഐക്യം സംരക്ഷിക്കുന്നതിനായി ആത്മാർഥമായി പ്രാർഥിക്കുകയും അതിനായി മാത്രം പ്രവർത്തിക്കുകയും വേണമെന്നും സത്താർ പന്തല്ലൂർ ആഹ്വാനം ചെയ്തു.


