കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിവേഗം പടരുന്ന എബോള ബാധയിൽ രോഗികളുടെ എണ്ണം 6,000 കടന്നതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 6,041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 2,911 ആയി ഉയർന്നു.
അതേസമയം, 1,360-ലേറെ പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചു. ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെങ്കിലും വൈറസ് പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇത്തൂരി, നോർത്ത് കിവു, സൗത്ത് കിവു, ഹൗട്ട്-ഉലെ, ബാസ്-ഉലെ, ഷോപോ തുടങ്ങിയ പ്രവിശ്യകളിലെ 60 മേഖലകളിലാണ് നിലവിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെയ് മാസത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച നിലവിലെ എബോള ബാധ രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലുതും മാരകവുമായ രോഗവ്യാപനമായി മാറിയിരിക്കുകയാണ്. 2014-2016 കാലയളവിൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉണ്ടായ മഹാമാരിക്ക് ശേഷം ആഗോളതലത്തിലെ ഏറ്റവും വലിയ എബോള വ്യാപനങ്ങളിലൊന്നാണിത്.
അയൽരാജ്യമായ ഉഗാണ്ട കഴിഞ്ഞ മാസം എബോള വിമുക്തമാണെന്ന് പ്രഖ്യാപിച്ചെങ്കിലും അതിർത്തി കടന്നുള്ള രോഗവ്യാപന സാധ്യത നിലനിൽക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
മുൻകാല എബോള വ്യാപനങ്ങളിൽനിന്ന് വ്യത്യസ്തമായി അതിവേഗം പടരുന്ന ബൂൻഡിബുഗ്യോ വകഭേദമാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമാകുന്നത്. ഈ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളോ ചികിത്സകളോ നിലവിൽ ലഭ്യമല്ല. കിഴക്കൻ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗബാധ ഏറ്റവും രൂക്ഷം. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി ഉൾപ്പെടെ അഞ്ച് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
2014-2016 കാലയളവിലെ എബോള വ്യാപനത്തിൽ 28,000 കേസുകളാണ് സ്ഥിരീകരിച്ചത്. 11,000-ത്തിലേറെ പേർ മരിക്കുകയും ചെയ്തു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽ തന്നെ മരണസംഖ്യ 1,000 കടന്നിരുന്നു. 2014-2016 കാലയളവിനെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിലാണ് നിലവിലെ രോഗവ്യാപനം നടക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ രോഗവ്യാപനത്തിന്റെ ഏറ്റവും ഗുരുതരമായ ഘട്ടം ഇനിയും എത്തിയേക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിരീക്ഷണത്തിലുള്ള കേസുകളുമായി നേരിട്ട് ബന്ധമില്ലാത്തവരിലാണ് ഭൂരിഭാഗം പുതിയ രോഗബാധകളും കണ്ടെത്തുന്നത്. അതിനാൽ രോഗവ്യാപനത്തിന്റെ യഥാർഥ വ്യാപ്തി കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
എങ്ങനെയാണ് എബോള പകരുന്നത്?
എബോള വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ പകർച്ചവ്യാധിയാണ് എബോള. രോഗബാധിതരുടെയോ രോഗം ബാധിച്ച് മരിച്ചവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളിലും വൈറസ് ബാധയുണ്ടാകാം. രോഗബാധിതരായ മൃഗങ്ങളുടെ ശരീരസ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ അവയുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെയോ മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.
പ്രധാന ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. പനി, തലവേദന, പേശിവേദന, തൊണ്ടവേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. ഛർദി, വയറിളക്കം, ചർമത്തിൽ തിണർപ്പ് തുടങ്ങിയവയും ചിലരിൽ ഉണ്ടാകാം.
ചിലരിൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യും. സാധാരണയായി രോഗബാധയേറ്റ് അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിലാണ് ഗുരുതര ലക്ഷണങ്ങൾ പ്രകടമാകുന്നത്. തുടർന്ന് കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുകയും മരണം സംഭവിക്കുകയും ചെയ്യാം.
പ്രതിരോധം പ്രധാനം
എബോള വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം രോഗബാധിതരുമായും അവരുടെ ശരീരസ്രവങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ്. ശരിയായി പാകം ചെയ്ത മാംസം മാത്രം കഴിക്കുന്നത് മൃഗങ്ങളിൽനിന്നുള്ള രോഗബാധയുടെ സാധ്യത കുറയ്ക്കും.
വായു, വെള്ളം, സാധാരണ ഭക്ഷണം എന്നിവയിലൂടെ എബോള പകരുന്നതായി പൊതുവെ കണക്കാക്കുന്നില്ല. രോഗബാധിതരെയോ മരിച്ചവരുടെ മൃതദേഹങ്ങളെയോ കൈകാര്യം ചെയ്യുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. രോഗബാധ സംശയിക്കുന്നവരെ ഉടൻ ഐസൊലേഷനിലേക്ക് മാറ്റുകയും സമ്പർക്കം ഒഴിവാക്കുകയും ആവശ്യമായ പിന്തുണാ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.


