തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും എതിർശബ്ദങ്ങളെ മർദിച്ചൊതുക്കുകയെന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് പൊലീസ് നടപടിയെന്നും പിണറായി ആരോപിച്ചു.
വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് വിദ്യാർഥിനികൾക്കുനേരെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തിയതെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു. സർക്കാരിന്റെ സംഘപരിവാർ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ പൊലീസ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം ചോദിച്ചു.
ഓണാഘോഷത്തിന് പിന്നാലെ സർവകലാശാലയിലെ പരിപാടിയിലും ‘വന്ദേമാതരം’ പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ആദ്യം പേരിന് മാത്രം ജലപീരങ്കി പ്രയോഗിക്കുകയും പിന്നാലെ ലാത്തിച്ചാർജ് നടത്തുകയുമായിരുന്നുവെന്ന് പിണറായി ആരോപിച്ചു.
സാധാരണയായി പാലിക്കേണ്ട നടപടിക്രമങ്ങളോ മുന്നറിയിപ്പോ നൽകാതെയാണ് പൊലീസ് വിദ്യാർഥികൾക്കുനേരെ മർദനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിന്റെ ഉദ്ഘാടനത്തിന് പോലും സമയം അനുവദിക്കാതെയാണ് പൊലീസ് അതിക്രമം നടത്തിയതെന്നും പിണറായി ആരോപിച്ചു.
സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.












