പാലക്കാട്: അട്ടപ്പാടി മധു കേസിൽ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിലെ നിർണായക തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം.
സാക്ഷിമൊഴികൾക്കും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹുസൈൻ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യം അതീവ ഗുരുതരവും ഹീനവുമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.




