കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പെൺകുട്ടി. മനപ്പൂർവം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെൺകുട്ടിയുടെ വിശദീകരണം. എറണാകുളം പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപമുള്ള ‘മൈഥിലി’ എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെൺകുട്ടി തട്ടിത്തറിപ്പിച്ചത്.
കെട്ടിടത്തിലെ സ്ഥാപനങ്ങൾ ചേർന്ന് ഉത്രാടനാളിൽ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാർ ഉച്ചയൂണ് കഴിക്കാൻ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ ബിഎൻഎസ് 192 വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി പെൺകുട്ടി രംഗത്തെത്തിയത്. മാനസികസമ്മർദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും വിവാദമായതിൽ ഖേദമുണ്ടെന്നും പെൺകുട്ടി പറഞ്ഞു.




