ഹൈദരാബാദ്: ഹൈദരാബാദിലെ മൈലാർദേവ്പള്ളിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസിയും പൊലീസിന്റെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളുമായ ഹാജി സുഹേലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൈലാർദേവ്പള്ളി പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ ആറുമണിയോടെ പ്രദേശത്ത് ഒരാൾ പരിക്കേറ്റ നിലയിൽ കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പട്രോളിങ് സംഘം സ്ഥലത്തെത്തിയപ്പോൾ തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ നിലയിൽ സുഹേലിനെ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികളെ കണ്ടെത്തുന്നതിനും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്നതിനുമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.




