കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകൾ വിശദീകരിക്കേണ്ട സാഹചര്യത്തിൽ അതിന് വിരുദ്ധമായ കാര്യങ്ങളാണ് പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ഇത് ഏത് പാർട്ടി രീതിയാണെന്ന് ചോദിച്ച ടി.കെ. ഗോവിന്ദൻ, പാർട്ടിയുടെ തെറ്റുതിരുത്തൽ നടപടികളുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റി വിലയിരുത്തലുകൾ പിണറായിയുടെ പ്രസംഗത്തിൽ പ്രതിഫലിച്ചില്ലെന്നും ആരോപിച്ചു.
തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി വ്യക്തമാക്കിയിട്ടും ഇക്കാര്യം പിണറായി പ്രസംഗത്തിൽ പരാമർശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തെറ്റുകൾ തിരുത്താൻ പോകുന്നില്ലെന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും ഗോവിന്ദൻ ആരോപിച്ചു.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും ടി.കെ. ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. രാഗേഷ് ജനിക്കുന്നതിന് മുമ്പ് തന്നെ താൻ പാർട്ടി നേതൃത്വത്തിലെത്തിയിരുന്നുവെന്നും തന്നെ വിമർശിക്കുന്നതിന് മുമ്പ് രാഗേഷ് കണ്ണാടിയിൽ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപത്തിന് മറുപടി പറയുന്നില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ, രാഗേഷിന്റെ മുൻകാല സാമ്പത്തിക സ്ഥിതിയും നിലവിലെ സ്വത്തുസമ്പാദ്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
വയറിങ്, പ്ലംബിങ് തൊഴിലാളിയായാണ് രാഗേഷ് പാർട്ടിയിൽ എത്തിയതെന്നും അന്നുണ്ടായിരുന്ന സ്വത്തും ഇപ്പോഴുള്ള സ്വത്തും സംബന്ധിച്ച് അന്വേഷണം വേണമെന്നും ടി.കെ. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.



