തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവരടക്കം 30 പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 200 പ്രവർത്തകരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. കലാപാഹ്വാനം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെ 17 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് നടത്തിയ സമരവും സംഘർഷാവസ്ഥയിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. സഞ്ജീവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, എസ്എഫ്ഐ മാർച്ചിനിടെ ലാത്തിച്ചാർജ് നടത്തേണ്ടിവന്നത് പ്രവർത്തകരുടെ അക്രമത്തെ തുടർന്നാണെന്നാണ് പൊലീസ് റിപ്പോർട്ട്. കൺട്രോൾ റൂം എസിപിയുടെ കഴുത്തിൽ പി.എസ്. സഞ്ജീവ് കുത്തിപ്പിടിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതാണ് ലാത്തിച്ചാർജിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. വനിതാ പ്രവർത്തകയുടെ മുഖത്ത് പരിക്കേറ്റത് പൊലീസ് ഷീൽഡ് കൊണ്ടാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ പൊലീസ് നടപടിയുണ്ടായതോടെ സംഭവം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾക്കെതിരെ പൊലീസ് ക്രൂരമായ ആക്രമണം നടത്തിയെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലാത്തിച്ചാർജിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. എതിർശബ്ദങ്ങളെ മർദിച്ചൊതുക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരിന്റേതെന്നും വിദ്യാർഥികളെ അടിച്ചമർത്തി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.




