കണ്ണൂർ: കാന്തപുരം വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി എന്നിവരുമായി ഉൾപ്പെടെയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സൈഫുദ്ദീൻ ഹാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. രാത്രി ക്ലിഫ് ഹൗസിലായിരുന്നു ചർച്ച. കെ.പി. നൗഷാദ് അലി എംഎൽഎയാണ് കൂടിക്കാഴ്ചയ്ക്ക് മുൻകൈ എടുത്തതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കാന്തപുരം വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്ന സാഹചര്യത്തിലാണ് നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സ്ത്രീകളെക്കുറിച്ചുള്ള കാന്തപുരത്തിന്റെ പ്രസ്താവന തള്ളിയാണ് മുഖ്യമന്ത്രി നേരത്തെ രംഗത്തെത്തിയത്. സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ നിലപാടിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലും പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നുവെന്നും ഭാര്യ ആയിഷ യുദ്ധത്തിൽ സൈന്യത്തെ നയിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീകളുടെ പങ്കാളിത്തം മുഖ്യമന്ത്രി വിശദീകരിച്ചത്.
കാന്തപുരം വിഭാഗത്തിന്റെ അതൃപ്തിക്കിടയിൽ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ചർച്ചയെന്നാണ് സൂചന.




