കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തൃക്കാക്കര സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. സൈബർ പൊലീസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കോളേജ് വിദ്യാർഥിയായ ശ്രീഹരി ടെലഗ്രാം വഴി നഗ്നചിത്രങ്ങൾ വിൽപ്പന നടത്തി പണം കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ശ്രീഹരിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി അയയ്ക്കും.
ഫോണിൽ പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ചതിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാമിലൂടെ തിരിച്ചയച്ചതിന്റെയും തെളിവുകൾ ഫോൺ പരിശോധനയിൽ ലഭിച്ചതായാണ് വിവരം. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർഥികളാണ് ഇത്തരത്തിലുള്ള വിവരങ്ങൾ കണ്ടെത്തിയത്.
അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തമുണ്ടോയെന്നതടക്കം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.




