കോട്ടയം: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കും ചെയർപേഴ്സൺ മായാ രാഹുലിനും നോട്ടീസ്. കൂറുമാറ്റ നിരോധന നിയമപ്രകാരം യു.ഡി.എഫ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഈ മാസം 22ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം.
മായാ രാഹുലിനും നാല് കോൺഗ്രസ് കൗൺസിലർമാർക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമായിരുന്ന ഇവർ കൂറുമാറിയതോടെയാണ് പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണം നഷ്ടമായത്.
ജൂലൈ 21നാണ് മുൻ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിനെതിരെ അവിശ്വാസ പ്രമേയം പാസായത്. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു.
ചെയർപേഴ്സന്റെ ഏകാധിപത്യ നടപടികൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു വിമത കൗൺസിലർമാർ. കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പാലാ നഗരസഭയിലെ ആഭ്യന്തര തർക്കത്തിൽ അന്തിമ തീരുമാനം കെ.പി.സി.സിക്ക് വിട്ടിരുന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല. ജില്ലാ കോൺഗ്രസ് നേതൃത്വം പലതവണ ഇടപെട്ടെങ്കിലും തർക്കം പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടത്.
എം.പിയും എം.എൽ.എയും ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടിട്ടും പ്രശ്നപരിഹാരം സാധ്യമാകാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. തുടർച്ചയായ തർക്കങ്ങൾക്കിടെ നഗരസഭാ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോൺഗ്രസ് നേതൃത്വത്തിലും ആശങ്ക ഉയർത്തിയിരുന്നു. പിന്നാലെയാണ് യു.ഡി.എഫിന് പാലാ നഗരസഭയിലെ ഭരണം നഷ്ടമായത്.


