മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പൊലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സർക്കാർ, ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചു.
മഞ്ചേരി, പാലക്കാട്, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുക. ലഹരിമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി വേഗത്തിൽ വിചാരണ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ കോടതികളുടെ സുഗമമായ പ്രവർത്തനത്തിനായി ഓരോ കോടതിയിലും 11 ജീവനക്കാരെ വീതം സ്ഥിരമായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് പുതിയ കോടതികളിലായി ആകെ 33 പുതിയ തസ്തികകളാണ് സൃഷ്ടിക്കുക.
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരിമരുന്ന് കേസുകളിൽ പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനും ലഹരിക്കടത്ത് ശൃംഖലകൾ തകർക്കുന്നതിനും പുതിയ കോടതികളും അധിക തസ്തികകളും സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
ലഹരിക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമനടപടികൾ വേഗത്തിലാക്കാനുള്ള ഈ തീരുമാനം.













