കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയുമായി കുടുംബം. മെഡിക്കൽ കോളേജിൽ ജനിച്ച ഒരു വയസുകാരന്റെ ശരീരത്തിൽനിന്ന് സൂചി കണ്ടെത്തിയെന്നാണ് പരാതി. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയ്ക്കും തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുമിടെയാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്.
കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ശരീരത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു അന്ന് മുതൽ ഡോക്ടർമാർ അറിയിച്ചിരുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു വർഷത്തോളം കുഞ്ഞിന് വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെട്ടിരുന്നുവെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു കുഞ്ഞിന്റെ ജനനം. ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയിൽപ്പെട്ടതെന്നാണ് കുടുംബം പറയുന്നത്.
തടിപ്പിന്റെ കാരണം സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ അറിയിച്ചെങ്കിലും നടത്തിയ സ്‌കാനിങ്ങിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നീട് നടത്തിയ പരിശോധനയിലാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്‌കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെയാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം നടത്തിയ ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്. സൂചി പുറത്തെടുത്തതോടെയാണ് കുടുംബം സംഭവത്തിൽ പരാതി ഉന്നയിച്ചത്.
സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കിടെ എങ്ങനെയാണ് സൂചി കുഞ്ഞിന്റെ ശരീരത്തിൽ കുടുങ്ങിയതെന്നും തുടർന്നുള്ള പരിശോധനകളിൽ ഇത് കണ്ടെത്താതെ പോയത് എങ്ങനെയാണെന്നും അന്വേഷണത്തിൽ പരിശോധിക്കും. ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും ഉൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.


