Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രവർത്തകർക്ക് വിവേചന ബുദ്ധി പാടില്ലേ? പിണറായിയെ തള്ളാതെ ​ഗോവിന്ദനും ബേബിയും; തെറ്റ് പറ്റിയത് പാർട്ടിക്കോ പ്രവർത്തകർക്കോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഇപ്പോഴും പാർട്ടിയുടെ തെറ്റ് സമ്മതിക്കാൻ പിണറായിക്ക് കഴിയുന്നില്ലെന്നും തിരുത്താൻ പാർട്ടി ശ്രമിക്കുന്നില്ലെന്നുമുള്ള തരത്തിൽ വിമതരായി മത്സരിച്ച് ജയിച്ച ടികെ ​ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും അടക്കമുള്ളവർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പിണറായിയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അടക്കമുള്ളവർ.

പിണറായി പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്ത പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. അവര്‍ തിരുത്തണം. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും തെറ്റിദ്ധരിക്കപ്പെട്ടതിന്റെ കാരണമാണ് പിണറായി വിജയന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സമാനമായ നിലപാട് തന്നെയാണ് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയുടേതും. പി.ബി യോഗം ഡല്‍ഹിയില്‍ തുടങ്ങാനിരിക്കെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പ്രസ്താവനയിലാണ് പിണറായി വിജയനെ ന്യായീകരിച്ച് ജനറൽ സെക്രട്ടറി രം​ഗത്ത് വന്നത്. പിണറായി പറഞ്ഞത് മണ്ഡലത്തിന്റെ കാര്യമാണെന്നും ഊന്നല്‍ നല്‍കേണ്ടതിന് ഊന്നല്‍ കൊടുത്തിട്ടുണ്ടാകാം എന്നും നേതാക്കൾ പറയുന്നതെല്ലാം ശരിയാണെന്നുമാണ് ബേബി പറഞ്ഞത്.

പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട് എന്ന പിണറായി സ്വരം തന്നെയാണ് ​ഗോവിന്ദൻ മാസ്റ്ററുടേതും. പയ്യന്നൂരില്‍ പാര്‍ട്ടി വോട്ടു പോലും മാറ്റിച്ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്ന അദ്ദേഹം, പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇങ്ങനെ മാറിച്ചിന്തിക്കാന്‍ അവകാശമില്ലെന്നും ആരെ ആയാലും, പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ക്കാണ് അവര്‍ വോട്ടു ചെയ്യേണ്ടതെന്നുമാണ് ഓർമിപ്പിക്കുന്നത്. അതോടെ, പ്രവർത്തകർക്ക് സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം സിപിഎമ്മിനുള്ളിൽ ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

പിണറായി വിജയന്‍ കണ്ണൂരില്‍ നാലു യോഗങ്ങളിലാണ് പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രക്കമ്മിറ്റിയുടെയും അവലോകന റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ തന്നെയാണ് പിണറായി പറഞ്ഞത്. പിണറായിയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ, ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് വിവാദം ഉണ്ടാക്കുന്നത്. പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷമാണ്, പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചവരെ പിണറായി വിജയന്‍ വിമര്‍ശിച്ചതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ടി കെ ഗോവിന്ദനേയും വി കുഞ്ഞികൃഷ്ണനേയും വലിയ രീതിയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഗവഞ്ചനയുടേയും ചതിയുടേയും ഭാഗമായി യുഡിഎഫിലേക്ക് പോയ ആളുകളാണ് ഇവരെന്നും അവര്‍ പറയുന്നത് പാര്‍ട്ടി ആധികാരികമായി എടുക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കുകയാണ്. എന്നാൽ, ജനങ്ങള്‍ക്ക് മാറിച്ചിന്തിക്കാന്‍ കാരണമൊന്നും ഉണ്ടായില്ലേ?, ജനങ്ങളാണോ പാര്‍ട്ടിയാണോ തെറ്റു തിരുത്തേണ്ടത് തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യത്തിന് എംവി ഗോവിന്ദന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്ന തോമസ് ഐസക്കിന്റെ പരാമർശം ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ ആര് ചോദിക്കാന്‍ എന്ന ഭാവമായിരുന്നു നേതാക്കൾക്ക്. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ എന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ഇത് പിന്നീട് ചർച്ചയായതിന് ശേഷവും താൻ പറഞ്ഞതിൽ അദ്ദേഹം ഉറച്ച് നിൽക്കുകയും ചെയ്തു. ആരുടേയും പേരെടുത്ത് പറയാതെ, പിണറായിയെ വ്യക്തമായി തള്ളുന്ന നിലപാടായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം കൂടിയായ തോമസ് ഐസക്കിന്റേത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിശ്വസിക്കുന്ന അദ്ദേഹം, കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് റിവ്യൂവില്‍ പറഞ്ഞ കാര്യമാണ് താന്‍ പ്രസംഗിച്ചതെന്നും ജനങ്ങള്‍ക്കാണ് തോല്‍വി പറ്റിയതെന്ന് പറയുന്നത് ശരിയാണോ എന്നും ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയെ പൂർണമായും പിന്തുണച്ച് പാർട്ടി സെക്രട്ടറി തന്നെ രം​ഗത്തെത്തിയത്.

​എംവി ​ഗോവിന്ദനും എംഎ ബേബിക്കും പുറമെ, പിണറായിയെ പൂർണമായും തള്ളാത്ത നിലപാട് തന്നെയായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും എടുത്തത്. തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ട്, തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്നും മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നുമാണ് വിജയരാഘവൻ പറഞ്ഞത്. ഒപ്പം, പിണറായിയെ എല്ലാവരും കൂടി തെറ്റുകാരനാക്കുന്നു എന്ന രീതിയിൽ മാധ്യമങ്ങൾക്ക് നേരെ പഴിചാരാനും അദ്ദേഹം മറക്കുന്നില്ല.

പാർട്ടി നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തുന്നതിൽ സംഘടനാപരമായി വീഴ്ചയുണ്ടായി എന്ന യാഥാർത്ഥ്യം ഇപ്പോഴും ഭൂരിഭാ​ഗം നേതാക്കളും അം​ഗീകരിക്കുന്നില്ല എന്നത് വ്യക്തമാണ്. പാർട്ടിയ്ക്ക് വിവേചന ബുദ്ധി പണയം വെക്കാത്ത ജനം വോട്ടുചെയ്തു എന്ന ആക്ഷേപം വലിയ രീതിയിൽ ഉയരുന്നുണ്ടെങ്കിലും അതിനോടെല്ലാം തീർത്തും വിഭിന്നമായ നിലപാട് തന്നെയാണ് ഇപ്പോഴും പാർട്ടി സ്വീകരിക്കുന്നത്. എന്നാൽ, ജനങ്ങളെ പൂർണമായും തള്ളുന്ന രീതിയിൽ നിന്ന് മാറി ചിന്തിക്കാനും തിരുത്താനും പാർട്ടി തയ്യാറാകാത്ത പക്ഷം, ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് ദുഷ്കരമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer