ചെന്നൈ: തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 1,200 കോടി രൂപ ചെലവഴിച്ചായിരിക്കും പുതിയ സമുച്ചയം നിർമിക്കുക. വ്യാഴാഴ്ച നിയമസഭയിൽ ചട്ടം 110 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
എല്ലാ സർക്കാർ വകുപ്പുകളെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും സമുച്ചയം ഒരുക്കുകയെന്ന് വിജയ് പറഞ്ഞു. ഭരണനിർവഹണവും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കുന്ന രീതിയിലായിരിക്കും കെട്ടിടങ്ങളുടെ രൂപകൽപ്പന.
നിയമസഭാ സമുച്ചയത്തിനായി മൂന്ന് സ്ഥലങ്ങളാണ് നിലവിൽ സർക്കാർ പരിഗണിക്കുന്നത്. ഗിണ്ടിയിലെ ഹൈവേ റിസർച്ച് സ്റ്റേഷൻ (എച്ച്ആർഎസ്.) സമുച്ചയം, ഫോർഷോർ എസ്റ്റേറ്റിലെ ഹൗസിങ് ബോർഡ് കോളനി, നന്ദമ്പാക്കത്തെ ഇന്ത്യൻ ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് വളപ്പ് എന്നിവയാണ് പരിഗണനയിലുള്ളത്. സ്ഥലത്തിന്റെ കാര്യത്തിൽ ഈ മാസം പകുതിയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഗിണ്ടിയിലെ എച്ച്ആർഎസ്. സമുച്ചയം ലോക് ഭവന് എതിർവശത്താണ്. വിശാലമായ റോഡിന്റെ സാന്നിധ്യമാണ് പ്രധാന അനുകൂല ഘടകം. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2003ൽ ഇവിടെ നിയമസഭാ മന്ദിരം നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയിരുന്നില്ല. അണ്ണാ സർവകലാശാലയ്ക്ക് സമീപമാണെന്നതാണ് പ്രധാന പരിമിതിയായി ചൂണ്ടിക്കാണിക്കുന്നത്.
ഫോർഷോർ എസ്റ്റേറ്റിലെയും നന്ദമ്പാക്കത്തെയും സ്ഥലങ്ങൾ നഗരമധ്യത്തിലാണെങ്കിലും റോഡുകളുടെ വീതി ഗിണ്ടിയിലേതിനെ അപേക്ഷിച്ച് കുറവാണ്. അതേസമയം, പുതിയ മെട്രോ പാതകളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇവിടങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് വിലയിരുത്തൽ.
പുതിയ നിയമസഭാ മന്ദിരം നിർമിക്കാനുള്ള നീക്കം ജയലളിതയ്ക്കും മുൻ മുഖ്യമന്ത്രി കരുണാനിധിക്കും കീഴിലും ഉണ്ടായിട്ടുണ്ട്. ജയലളിതയുടെ കാലത്ത് തറക്കല്ലിട്ടെങ്കിലും നിർമാണം മുന്നോട്ടുപോയില്ല. കരുണാനിധി സർക്കാരിന്റെ കാലത്ത് ഓമന്ദുരാറിൽ പുതിയ നിയമസഭാ മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കി. എന്നാൽ 2011ൽ അധികാരത്തിൽ തിരിച്ചെത്തിയ ജയലളിത കെട്ടിടം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുകയായിരുന്നു. തുടർന്ന് അധികാരത്തിലെത്തിയ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരും തീരുമാനം മാറ്റിയില്ല.
ചെന്നൈയിൽ ലോകോത്തര ഒളിമ്പിക് സിറ്റിയും മോട്ടോർ സ്പോർട്സ് സിറ്റിയും
ചെന്നൈയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒളിമ്പിക് സിറ്റിയും മോട്ടോർ സ്പോർട്സ് സിറ്റിയും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽനിന്ന് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ മെഡൽ നേടാൻ ശേഷിയുള്ള താരങ്ങളെ വളർത്തിയെടുക്കുകയാണ് ഒളിമ്പിക് സിറ്റിയുടെ ലക്ഷ്യം.
തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ലോകോത്തര കായിക വേദികൾ, നൂതന ഉപകരണങ്ങൾ, പരിശീലന സൗകര്യങ്ങൾ, കായികശാസ്ത്ര-കായിക വൈദ്യ കേന്ദ്രങ്ങൾ, താരങ്ങൾക്കും പരിശീലകർക്കുമുള്ള താമസ സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കും.
ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള കാറോട്ട മത്സരങ്ങൾ ലോകോത്തര നിലവാരത്തിൽ നടത്താൻ കഴിയുന്ന സൗകര്യങ്ങളോടെയായിരിക്കും മോട്ടോർ സ്പോർട്സ് സിറ്റി ഒരുക്കുക. കാറോട്ടത്തിൽ താൽപര്യമുള്ള പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ദേശീയ-അന്തർദേശീയ മത്സരങ്ങൾക്ക് തയ്യാറാക്കുന്നതിനുമുള്ള പരിശീലനവും മത്സരാവസരങ്ങളും ഇവിടെ ലഭ്യമാക്കും.
മോട്ടോർ സ്പോർട്സ് മേഖലയിലെ വികസനം ടൂറിസം, വാഹന നിർമാണം, തൊഴിൽ, സാമ്പത്തിക മേഖലകൾ എന്നിവയ്ക്കും വലിയ ഉത്തേജനം നൽകുമെന്ന് വിജയ് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് തിങ്കളാഴ്ച മറുപടി നൽകും: വിജയ്
നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും തിങ്കളാഴ്ച വിശദമായ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് അറിയിച്ചു. മറുപടി കേൾക്കുന്നതിനായി പ്രതിപക്ഷാംഗങ്ങൾ സഭയിൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രമസമാധാന പ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സഭയിൽ ഉയർന്ന എല്ലാ ചോദ്യങ്ങളും ശ്രദ്ധിച്ചിട്ടുണ്ടെന്നും ഓരോന്നിനും വിശദമായി മറുപടി നൽകുമെന്നും വിജയ് പറഞ്ഞു. മറുപടി കേൾക്കാൻ പ്രതിപക്ഷാംഗങ്ങൾ സഭയിൽ തന്നെ ഉണ്ടാകണമെന്ന് ഉറപ്പാക്കാൻ സ്പീക്കറോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.


