കോട്ടയം: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറും. എന്നാൽ, ശരീരത്തിൽ നിന്ന് പുറത്തെടുത്ത സൂചിയുടെ ശാസ്ത്രീയ പരിശോധന നടത്താതെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്.
ഒരു വർഷത്തോളം കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിക്കിടന്നതായാണ് വിവരം. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ മകൾ അദ്വികയാണ് ഇത്രയും കാലം ശരീരത്തിൽ സൂചിയുമായി കഴിഞ്ഞത്. കോട്ടയം മെഡിക്കൽ കോളജിലെ പ്രസവചികിത്സയ്ക്കിടെയാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്തത്. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സൂചിയുടെ ശാസ്ത്രീയ പരിശോധന നടത്താതെയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്നത് സംഭവത്തിൽ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.




