കൊച്ചി: വിസ്മയമൊരുക്കി ഇന്നലെ കേരളത്തിന് മുകളിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം കടന്നുപോയി. യാതൊരുവിധ പ്രത്യേക നിരീക്ഷണ ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിച്ച ഈ അപൂർവ്വ കാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ തത്സമയം കണ്ടു.
വെള്ളിയാഴ്ച രാത്രി 7.46 ഓടെ തെക്ക്, പടിഞ്ഞാറ് ദിശയിൽ പ്രത്യക്ഷപ്പെട്ട നിലയം ഏകദേശം നാല് മിനിറ്റോളം ആകാശത്ത് തിളങ്ങിനിന്ന് വടക്ക് ഭാഗത്തായി മറഞ്ഞു. പതിവ് നക്ഷത്രങ്ങളെക്കാൾ തിളക്കത്തോടെയും വേഗത്തിലും ആകാശത്തിലൂടെ നീങ്ങുന്ന ഒരു പ്രകാശബിന്ദു പോലെയാണ് കണ്ടത്.
ഇന്നലെ കാണാൻ സാധിക്കാത്തവർക്ക് നിരാശപ്പെടേണ്ടതില്ല; വരും ദിവസങ്ങളിലും പുലർച്ചെയും സന്ധ്യാസമയങ്ങളിലുമായി കേരളത്തിന്റെ ആകാശത്ത് ബഹിരാകാശ നിലയം ദൃശ്യമാകും.
സെപ്റ്റംബർ 5, ശനി (ഇന്ന് വൈകുന്നേരം): 6:59 PM (ഏകദേശം 6 മിനിറ്റ് ദൃശ്യം, 47° ഉയരത്തിൽ തെക്ക്-തെക്കുപടിഞ്ഞാറ് ദിശയിൽ വന്ന് വടക്കുകിഴക്ക് മറയും).
സെപ്റ്റംബർ 6, ഞായർ: 7:50 PM (3 മിനിറ്റ്, പടിഞ്ഞാറ് നിന്ന് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്).
സെപ്റ്റംബർ 7, തിങ്കൾ:പുലർച്ചെ 5:44 AM (7 മിനിറ്റ് ദൈർഘ്യം, 80° ഉയരത്തിൽ വടക്ക്-വടക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക്)
വൈകുന്നേരം 7:01 PM (6 മിനിറ്റ്, പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് നിന്ന് വടക്കോട്ട്).
സെപ്റ്റംബർ 8, ചൊവ്വ: പുലർച്ചെ 4:57 AM (6 മിനിറ്റ്).
സെപ്റ്റംബർ 9, ബുധൻ: പുലർച്ചെ 4:13 AM (1 മിനിറ്റ്).
സെപ്റ്റംബർ 10, വ്യാഴം: പുലർച്ചെ 5:03 AM (2 മിനിറ്റ്).




