സുക്രെ: ബൊളീവിയയിൽ സൈനിക ക്യാമ്പിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലാ പാസിന് സമീപമുള്ള വിയാച്ച മുനിസിപ്പാലിറ്റിയിലെ സൈനിക ക്യാമ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്ഫോടനമുണ്ടായത്.
പ്രതിരോധ മന്ത്രാലയത്തിന്റെ പടക്കങ്ങളും മറ്റ് വെടിക്കെട്ട് സാമഗ്രികളും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ 10 മുതൽ 15 വരെ പേർ മരിച്ചിരിക്കാമെന്നും 60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിയാച്ച ഹെൽത്ത് ഡയറക്ടർ റീറ്റ നെബ്രാസ്ക അറിയിച്ചത്.
ഗുരുതരമായി പരിക്കേറ്റ 14 പേരെ ചികിത്സയ്ക്കായി ലാ പാസിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ ഒരു പെൺകുട്ടിയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും സമീപവാസികളായ സാധാരണക്കാരാണെന്നാണ് വിവരം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകളുടെ ജനലുകൾ തകരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടസ്ഥലത്ത് വീണ്ടും സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളോട് അപകടസ്ഥലത്തുനിന്ന് കുറഞ്ഞത് 150 മീറ്റർ അകലെ മാറിനിൽക്കാൻ അധികൃതർ നിർദേശിച്ചു.
സ്ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസും പ്രതിരോധ മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




