കോഴിക്കോട്: ദേശീയപാതയിൽ തെറ്റായ ദിശയിൽ എത്തിയ ലോറിയിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് കോട്ടീരി ഹാരിസ് (30), കെ.ടി. ജംഷീർ (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ദേശീയപാത 66ൽ ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് ചേളാരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കല്ലുകയറ്റിവന്ന ലോറിയിൽ ഇടിച്ചത്.
ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി സ്പീഡ് ട്രാക്കിലൂടെ പോയി യൂടേൺ എടുത്ത് വരികയായിരുന്ന ലോറി തെറ്റായ ദിശയിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതിനിടെയാണ് കാർ ലോറിയിൽ ഇടിച്ചത്.
കോഴിക്കോട് ബീച്ചിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.














