ദുബായ്: ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ദുബായ്-ജക്കാർത്ത റൂട്ടിലെ ചില വിമാന സർവീസുകൾ റദ്ദാക്കി. മറ്റ് ചില സർവീസുകൾ വൈകുമെന്നും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ജക്കാർത്തയിലെ സൂകാർണോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്നാണ് നടപടി.
സെപ്റ്റംബർ 5, 6 തീയതികളിൽ നടത്താനിരുന്ന സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചത്. ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്നിപർവ്വതം ശനിയാഴ്ച ശക്തമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്തരീക്ഷത്തിൽ വലിയ തോതിൽ ചാരവും പുകയും നിറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജക്കാർത്ത വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്തോനേഷ്യ താൽക്കാലികമായി നിർത്തിവെച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് ഉറപ്പാക്കണമെന്ന് എമിറേറ്റ്സ് യാത്രക്കാർക്ക് നിർദേശം നൽകി. ‘മാനേജ് യുവർ ബുക്കിങ്’ പോർട്ടൽ വഴി ഫോൺ നമ്പർ ഉൾപ്പെടെയുള്ള ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കാനും ആവശ്യപ്പെട്ടു.
അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്താനും വിമാനത്തിന്റെ കാഴ്ചാപരിധി കുറയ്ക്കാനും സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടിയായി സർവീസുകൾ റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്തതെന്ന് എമിറേറ്റ്സ് അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സർവീസുകളിലുണ്ടായ തടസ്സത്തിൽ ഖേദിക്കുന്നതായും എമിറേറ്റ്സ് വ്യക്തമാക്കി.












