തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സെപ്റ്റംബർ മാസത്തിലും വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത. രാത്രികാല വൈദ്യുതി നിയന്ത്രണം കൂടുതൽ ശക്തമാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടെൻഡർ നടപടികൾ നടത്തിയിട്ടും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാറുകൾ ഉറപ്പാക്കാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ തയ്യാറായാലും പവർ എക്സ്ചേഞ്ചിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതിയാണ്. രാജ്യത്തെ താപനിലയങ്ങൾ ഉൽപാദനം കുറച്ചതും തിരിച്ചടിയായി. ലോഡ്ഷെഡ്ഡിങ് പരമാവധി കുറയ്ക്കുന്നതിനായി ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് കുറയുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
പ്രതിദിനം 600 മെഗാവാട്ട് വരെ വൈദ്യുതി കുറവ് നേരിടുന്നുണ്ടെന്നാണ് കണക്ക്. ചില കരാറുകളിൽ യൂണിറ്റിന് 12 രൂപ വരെ കമ്പനികൾ ആവശ്യപ്പെടുന്നതും വൈദ്യുതി പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. ഈ മാസം മുഴുവൻ പ്രതിസന്ധി തുടരുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സ്വാപ് കരാർ അവസാനിക്കുന്നത് സംസ്ഥാനത്തിന് നേരിയ ആശ്വാസം നൽകും. സെപ്റ്റംബർ പകുതിയോടെ ഒരു സ്വാപ് കരാറിന്റെ കാലാവധി അവസാനിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങൾക്ക് പ്രതിദിനം 350 മെഗാവാട്ടോളം വൈദ്യുതി തിരികെ നൽകേണ്ട സാഹചര്യം ഒഴിവാകും.
വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയ വൈദ്യുതിക്ക് പകരമായി ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രതിദിനം 350 മെഗാവാട്ടോളം വൈദ്യുതി കേരളം തിരികെ നൽകേണ്ടിയിരുന്നു. കരാർ കാലാവധി അവസാനിക്കുന്നതോടെ ഈ ബാധ്യത ഒഴിവാകുന്നത് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.












