തിരുവനന്തപുരം: സംവിധായകനും മാധ്യമപ്രവർത്തകനുമായ ശരത് അന്തരിച്ചു. മാധ്യമപ്രവർത്തകനായാണ് ശരത് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കലാകൗമുദിയിലും കേരളകൗമുദിയിലും പ്രവർത്തിച്ച അദ്ദേഹം നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിരുന്നു.
1995ൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ (പിആർഡി) ജോലിയിൽ പ്രവേശിച്ചു. സർക്കാർ ജീവനക്കാരനായിരുന്നപ്പോഴും ഡോക്യുമെന്ററി രംഗത്തെ പ്രവർത്തനം തുടർന്നു. സർവീസിലിരിക്കെയാണ് ആദ്യ സിനിമയായ സായാഹ്നം സംവിധാനം ചെയ്തത്. പാരിസ്ഥിതിക പ്രശ്നങ്ങളും ആണവഭീഷണിയും പ്രമേയമാക്കിയ ചിത്രത്തിൽ നാടകാചാര്യൻ ഒ. മാധവനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച ചിത്രം, മികച്ച കഥ ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങൾ ചിത്രം നേടി. ഒ. മാധവന് മികച്ച നടനുള്ള പുരസ്കാരവും ചിത്രത്തിലെ ഗാനത്തിലൂടെ വിധു പ്രതാപിന് മികച്ച ഗായകനുള്ള പുരസ്കാരവും ലഭിച്ചു. രണ്ട് ദേശീയ പുരസ്കാരങ്ങളും സായാഹ്നത്തിന് ലഭിച്ചിരുന്നു.
തുടർന്ന് സർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങൾ പ്രമേയമാക്കിയ സ്ഥിതി സംവിധാനം ചെയ്തു. സർക്കാർ ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ബാങ്കോക്ക് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ഗായകൻ ഉണ്ണി മേനോൻ ചിത്രത്തിൽ നായകനായും ഗായകനായും സംഗീതസംവിധായകനായും പ്രവർത്തിച്ചു.
ശീലാബതി, ദ ഡിസയർ: എ ജേർണി ഓഫ് എ വുമൺ, പറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം തുടങ്ങിയവയാണ് ശരത്തിന്റെ മറ്റ് പ്രധാന സിനിമകൾ. ശീലാബതിക്ക് സ്റ്റുട്ട്ഗാർട്ട് മേളയിൽ മികച്ച ചിത്രത്തിനും ഏഷ്യാ പസഫിക് മേളയിൽ മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചു. ശില്പ ഷെട്ടി നായികയായ ദ ഡിസയർ ജനീവ, ലണ്ടൻ മേളകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
കിളിമാനൂർ കൊട്ടാരത്തിൽ നിന്ന് രാജാ രവിവർമ്മയുടെ ചിത്രങ്ങൾ കണ്ടെത്തിയതിനെക്കുറിച്ചുള്ള ദ പെയിന്റഡ് എപിക്സ് ആയിരുന്നു ശരത്തിന്റെ ആദ്യ ഡോക്യുമെന്ററി. ഈ വിഷയത്തെക്കുറിച്ചുള്ള പഠനത്തിന് 1996ൽ കേന്ദ്രസർക്കാരിന്റെ ഫെലോഷിപ്പും ലഭിച്ചു. ഒ.എൻ.വി. കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയെ അടിസ്ഥാനമാക്കി ഡോക്യുഫിക്ഷനും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി റോഡ്, സ്വപ്നങ്ങളുടെ ശവസംസ്കാരം എന്നിവയും അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്.
പിആർഡിയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. സാംസ്കാരിക വകുപ്പിന് കീഴിലെ എംപിസിസി ഡയറക്ടർ, ഭാരത് ഭവൻ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. ലണ്ടനിലെ ഐയുകെഎഫ്എഫ് 2007ന്റെ ഫെസ്റ്റിവൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ച ശരത് മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ച ശേഷമാണ് മാധ്യമരംഗത്തെത്തിയത്. തലസ്ഥാനത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശരത് സൗമ്യമായ പെരുമാറ്റത്തിനും ശ്രദ്ധേയനായിരുന്നു.





Great graphics and very responsive customer support. ph58jilicom definitely knows how to treat their players right.