ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല കേസിലെ അഭിഭാഷകനെ മാറ്റി. പ്രിയ വർഗീസിന് അനുകൂലമായി നേരത്തെ സ്വീകരിച്ചിരുന്ന നിലപാടിലും മാറ്റം വരുത്തുമെന്നാണ് സൂചന.
സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്റെ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ.ആർ. സുഭാഷ്ചന്ദ്രനായിരുന്നു സർവകലാശാലയ്ക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായിരുന്നത്. എസ്.എഫ്.ഐയിൽ രാഗേഷും സുഭാഷ്ചന്ദ്രനും ഒരേ കാലയളവിൽ പ്രവർത്തിച്ചവരാണ്. നിലവിൽ സി.പി.എമ്മിന്റെ അഭിഭാഷക സംഘടനയുമായി സജീവമായി പ്രവർത്തിക്കുന്നയാളുമാണ് സുഭാഷ്ചന്ദ്രൻ.
പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രഫസർ നിയമനം നിയമപരമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാല നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നിയമനത്തിന് ആവശ്യമായ യോഗ്യത പ്രിയ വർഗീസിനുണ്ടെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയിലെ കേസിൽ കണ്ണൂർ സർവകലാശാലയുടെ നിലപാട് നിർണായകമാണ്. നിലപാട് മാറ്റത്തിന്റെ മുന്നോടിയായാണ് കേസിലെ അഭിഭാഷകനെ മാറ്റിയതെന്നാണ് സൂചന. സുപ്രീം കോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലിയെയാണ് സർവകലാശാല പുതിയ അഭിഭാഷകനായി നിയോഗിച്ചത്.
പ്രിയ വർഗീസിന്റെ നിയമനം സുതാര്യമല്ലെന്നും ആവശ്യമായ യോഗ്യതയില്ലെന്നുമുള്ള നിലപാട് നാളെ കോടതിയിൽ സർവകലാശാല അറിയിച്ചേക്കുമെന്നാണ് സൂചന. ഇതോടെ കേസിൽ സർവകലാശാല സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
അതേസമയം, സംസ്ഥാന സർക്കാരിനുവേണ്ടി നേരത്തെ കേസിൽ ഹാജരായിരുന്നത് സി.കെ. ശശിയായിരുന്നു. ഇനി സുപ്രീം കോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ജയിംസ് പി. തോമസായിരിക്കും കേരളത്തിനുവേണ്ടി ഹാജരാകുക.


