ന്യൂഡൽഹി: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം നേടിയാൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദമുന്നയിക്കാൻ അവകാശമുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എന്നാൽ പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സഖ്യം വിജയിച്ചാൽ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾ പക്വതയോടെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി വ്യക്തമാക്കി. 1996ൽ യുണൈറ്റഡ് ഫ്രണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമോ എന്നതിനെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ പാർട്ടി ശക്തി കണക്കിലെടുത്ത് സിപിഎം പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കുന്നത് യുക്തിസഹമല്ലെന്നും അതിനാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് മുന്നോട്ടുവരാൻ സ്വാഭാവികമായും അവകാശമുണ്ടെന്നും ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ മുന്നണിയുടെ നേതാവ് ആരായിരിക്കുമെന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്താൻ സിപിഎം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം പ്രതിപക്ഷം ഭൂരിപക്ഷം നേടുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. പ്രധാനമന്ത്രി ആരാകണമെന്നത് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം തീരുമാനിക്കാമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.




