ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ 22ലേക്ക് മാറ്റി. സർവകലാശാലയുടെ പുതിയ അഭിഭാഷകൻ സുൽഫീക്കറും പ്രിയാ വർഗീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വരനും കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് വിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പട്ടികയിലെ പത്താമത്തെ കേസായാണ് വിഷയം ബെഞ്ചിന് മുന്നിലെത്തിയത്. യു.ജി.സിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും കോടതിയിൽ ഹാജരായിരുന്നു. മറ്റൊരു കോടതിയിൽ മറ്റൊരു കേസിൽ വാദം നടത്തുകയാണെന്നും അതിനാൽ പ്രിയാ വർഗീസിന്റെ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും അവരുടെ അഭിഭാഷകൻ കെ. പരമേശ്വരൻ ആവശ്യപ്പെട്ടു.
അതേസമയം, സർവകലാശാലയുടെ പുതിയ അഭിഭാഷകൻ സുൽഫീക്കറും മുൻ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും ഒരേസമയം കോടതിയിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം, എതിർ സത്യവാങ്മൂലം ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും താൻ ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്ന് സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു.
എന്നാൽ വക്കാലത്ത് മാറിയതായും താനാണ് പുതിയ അഭിഭാഷകനെന്നും ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് സുൽഫീക്കർ ആവശ്യപ്പെട്ടു. പ്രധാന അഭിഭാഷകർ തന്നെ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജസ്റ്റിസ് മനോജ് മിശ്ര കേസ് സെപ്റ്റംബർ 22ലേക്ക് മാറ്റിവെക്കാൻ ഉത്തരവിട്ടത്.












