ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെ നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭരണകാലത്തെ അഴിമതി ആരോപണങ്ങൾക്കൊപ്പം മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമർശനങ്ങളും വിജയ് സഭയിൽ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.
മുൻ സ്റ്റാലിൻ സർക്കാരിന്റെ കാലത്തെ ജോലിക്ക് കോഴ ആരോപണവും വിജയ് വീണ്ടും സഭയിൽ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി. അയച്ച കത്തിലെ വിവരങ്ങൾ സഭയിൽ വായിക്കുകയും ചെയ്തു.
സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കുന്ന ഡി.എം.കെ നേതാക്കളുടെ നിലപാടിനെയും വിജയ് വിമർശിച്ചു. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ഡി.എം.കെ നേതാക്കൾ ചോദിക്കുന്നുവെന്നും അതാണ് ഡി.എം.കെയുടെ നിലപാടെന്നും വിജയ് ആരോപിച്ചു.
മുൻ സർക്കാരിന്റെ കാലത്തെ ടാസ്മാക് അഴിമതിയും മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. രണ്ട് വകുപ്പുകളിലെ ഫയലുകൾ മാത്രം പരിശോധിച്ചപ്പോൾ ഇത്രയധികം ക്രമക്കേടുകൾ പുറത്തുവന്നെങ്കിൽ ബാക്കിയുള്ള ഫയലുകൾ കൂടി പരിശോധിച്ചാൽ സ്ഥിതി എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
ഡി.എം.കെ അഴിമതി നടത്തിയിട്ടില്ലെന്ന് വാദിക്കരുതെന്നും ഡി.എം.കെ എവിടെയുണ്ടോ അവിടെ തെറ്റും, തെറ്റുള്ളിടത്തെല്ലാം ഡി.എം.കെയും ഉണ്ടെന്നുമായിരുന്നു വിജയിന്റെ വിമർശനം.
മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചതോടെ സഭയിൽ ഏറെനേരം ബഹളം തുടരുകയായിരുന്നു.




