കോഴിക്കോട്: ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ്. പിണറായി കാലത്തെ തെറ്റായ മാനസികാവസ്ഥയും ശൈലിയും ആവർത്തിക്കലല്ല പൊലീസിന്റെ ജോലിയെന്ന് എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഭരണവും കാലവും മാറിയത് അറിയാതെ പഴയ മനോഭാവത്തോടെ പൊലീസ് പ്രവർത്തിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. ചർച്ചയുടെ വീഡിയോ പരിശോധിച്ചാൽ അബ്ദുള്ള ബാസിൽ അധിക്ഷേപകരമായ ഒന്നും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകുമെന്നും ഫർഹാൻ ബിയ്യം പറഞ്ഞു.
ചാനൽ ചർച്ചകളിൽ സ്വന്തം പ്രസ്ഥാനത്തിന്റെയും വ്യക്തികളുടെയും നിലപാടുകൾ വ്യക്തമാക്കുക എന്നത് വക്താക്കളുടെ ചുമതലയാണ്. അബ്ദുള്ള ബാസിലിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രകാരമുള്ള കേസ് അടിയന്തരമായി പിൻവലിക്കാൻ പൊലീസും ആഭ്യന്തര വകുപ്പും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ തുടർനടപടികൾ നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നു. സീറോ എഫ്ഐആർ റദ്ദാക്കാനും തുടർനടപടികൾ വേണ്ടെന്നും നിർദേശമുണ്ട്.
വിവാദ യൂട്യൂബർ ആരിഫ് ഹുസൈനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.



