കുവൈത്ത് സിറ്റി: വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും കൈവശം വച്ചിരുന്ന കുവൈത്ത് പൗരൻ അറസ്റ്റിൽ. ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ഫർവാനിയയിലെ കുതിരലായങ്ങളുടെ മേഖലയിലെ വാടകയ്ക്കെടുത്ത കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അബ്ദുള്ള അൽ-മുബാറക് മേഖലയിലെ മറ്റൊരു കേന്ദ്രത്തിലും സുരക്ഷാസേന പരിശോധന നടത്തി.
പരിശോധനയിൽ ഏകദേശം 300 ഗ്രാം കൊക്കെയ്ൻ, 250 ഗ്രാം ഹാഷിഷ്, 3,500ഓളം ലിറിക്ക ഗുളികകൾ, സിന്തറ്റിക് ലഹരി വസ്തുക്കൾ അടങ്ങിയ 1,000ഓളം കെമിക്കൽ പേപ്പറുകൾ, 50 ഗ്രാം മെത്താംഫെറ്റമിൻ എന്നിവ പിടികൂടി. ഒരു പിസ്റ്റൾ, വെടിയുണ്ടകൾ, നാല് ഡിജിറ്റൽ ത്രാസുകൾ എന്നിവയും കണ്ടെത്തി.
അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കുതിരലായം അനുവദിച്ച ആവശ്യത്തിന് പകരം അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഉടമയോട് ഹാജരാകാൻ പൊലീസ് സമൻസ് അയച്ചു.
കുതിരലായം സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ സർക്കാർ കണ്ടുകെട്ടുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.




