പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസം മാത്രമാണ് പരിചയമുണ്ടായിരുന്നതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട്ടുനിന്ന് പശ്ചിമ ബംഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി പ്രതി യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പുഴയിൽവെച്ചുതന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുപ്പതുകാരിയായ യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം കണ്ടെത്തൽ. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ് പൊലീസ്.















