ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ ഗോഡൗണുകളിലും ഭക്ഷ്യസംഭരണ വിതരണ കേന്ദ്രങ്ങളിലും കർണാടക ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. കാലാവധി കഴിഞ്ഞതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ഉൾപ്പെടെ ഏകദേശം 1.38 കോടി രൂപയുടെ ഭക്ഷ്യോത്പന്നങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഇതിന് പുറമെ, വിതരണ കേന്ദ്രങ്ങളിൽ അനുമതിയില്ലാതെ സൂക്ഷിച്ചിരുന്ന 4.02 ലക്ഷം രൂപയുടെ മരുന്നുകളും പിടികൂടി.
ഓൺലൈൻ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ബെംഗളൂരുവിലെ ദേവനഹള്ളി, അനേക്കൽ എന്നിവിടങ്ങളിലെ ആമസോൺ കേന്ദ്രങ്ങളിലും ഹോസ്കോട്ടിലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിലുമാണ് പ്രധാനമായും പരിശോധന നടന്നത്.
ആമസോൺ ഗോഡൗണുകളിൽനിന്ന് തെറ്റായ ലേബലിങ് നടത്തിയതോ കാലാവധി കഴിഞ്ഞതോ ആയ 56 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ദേവനഹള്ളിയിലെ കേന്ദ്രത്തിൽനിന്ന് 24 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളും 2.45 ലക്ഷം രൂപയുടെ മരുന്നുകളും പിടിച്ചെടുത്തു. അനേക്കലിലെ കേന്ദ്രത്തിൽനിന്ന് 32 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളും 1.57 ലക്ഷം രൂപയുടെ മരുന്നുകളുമാണ് പിടികൂടിയത്. ആവശ്യമായ ലൈസൻസുകളില്ലാതെ മരുന്നുകൾ സൂക്ഷിച്ചതായും കണ്ടെത്തി.
അതേസമയം, ഹോസ്കോട്ടിലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിൽനിന്ന് കാലാവധി കഴിഞ്ഞ 42 ലക്ഷം രൂപയുടെ ഭക്ഷ്യോത്പന്നങ്ങൾ കണ്ടെത്തി. ശുചിത്വമില്ലായ്മയും ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവും കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം അടിയന്തരമായി പൂട്ടാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി.
ബെംഗളൂരുവിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, ഗോഡൗണുകൾ എന്നിവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും പരിശോധനയും നിയമനടപടികളും ശക്തമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ അറിയിച്ചു.


