മലപ്പുറം: മകളുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്.
മദ്യപിച്ച് വീട്ടിലെത്തിയ മജു ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ പുറകിലുണ്ടായിരുന്ന എട്ടുവയസ്സുകാരിയായ മകളുടെ ദേഹത്താണ് തിളച്ച വെള്ളം വീണത്. കുട്ടിയുടെ കാലിന് ഗുരുതരമായി പൊള്ളലേറ്റു.
പരിക്കേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. എന്നാൽ പിന്നീട് ആശുപത്രിയിൽനിന്ന് ഇയാൾ മുങ്ങുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.ജെ. ജോൺസണും അരീക്കോട് ഇൻസ്‌പെക്ടർ സി.ആർ. ഹരിദാസും ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ചുണ്ടത്തുപൊയിലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മജു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












