തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോൺ നമ്പർ ഉപഭോക്താവിന് നൽകിയ കെഎസ്ഇബി ജീവനക്കാരനെതിരെ അന്വേഷണം. കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകുകയും, മന്ത്രിയെ നേരിട്ട് വിളിച്ചാൽ വൈദ്യുതി എപ്പോൾ വരുമെന്ന് അറിയാനാകുമെന്ന് ജീവനക്കാരൻ പറഞ്ഞതായും മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ ജീവനക്കാരനെക്കുറിച്ച് അന്വേഷിക്കാൻ കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സർക്കാരിന്റെ പ്രയാസങ്ങൾ മനസ്സിലാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. സോളാർ വൈദ്യുതി സംഭരിക്കുന്നതിന് നിലവിൽ ആവശ്യമായ സംവിധാനം ഇല്ലെന്നും ഒക്ടോബറിൽ ഒരു സ്റ്റോറേജ് സംവിധാനം പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന ഫീഡർ തലത്തിൽ മുൻകൂട്ടി വിവരം നൽകുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാളെ മുതൽ സംവിധാനം നിലവിൽ വരും. നിയന്ത്രണത്തിന്റെ കൃത്യമായ സമയം മുൻകൂട്ടി പറയാൻ കഴിയില്ലെങ്കിലും ഏകദേശ സമയം ജനങ്ങളെ അറിയിക്കാൻ കഴിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.



