മലപ്പുറം: മുക്കുപണ്ടം പണയം വെച്ച് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്കർ (49) ആണ് വണ്ടൂർ പൊലീസിന്റെ പിടിയിലായത്. വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിൽ സ്വർണം പണയം വെച്ച് രണ്ട് ലക്ഷത്തിലധികം രൂപ അസ്കർ കൈക്കലാക്കി. തുടർന്ന് ജൂൺ, ജൂലൈ മാസങ്ങളിൽ വണ്ടൂർ ഫെഡറൽ ബാങ്കിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.
ഇടപാടുകളിൽ സംശയം തോന്നിയതിനെ തുടർന്ന് സ്വകാര്യ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് പണയത്തിലുണ്ടായിരുന്നത് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്. ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത അസ്കറിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.




