വാഷിംഗ്ടൺ: ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ പ്രധാന ബഹിരാകാശ സഞ്ചാരികൾ സജീവ ദൗത്യങ്ങളിൽ നിന്ന് പടിയിറങ്ങി. ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്‌മാനും പൈലറ്റ് വിക്ടർ ഗ്ലോവറുമാണ് നാസയുടെ സജീവ ബഹിരാകാശ പ്രവർത്തനങ്ങളിൽ നിന്ന് വിരമിച്ചത്.
ഇനിമുതൽ ഇരുവരും ‘ആസ്ട്രനോട്ട് എമരിറ്റസ്’ (Astronaut Emeritus) പദവിയിൽ നാസയ്ക്കൊപ്പം പ്രവർത്തിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി പുതിയ തലമുറയിലെ ബഹിരാകാശ സഞ്ചാരികളെയും ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുന്നതായിരിക്കും ഇവരുടെ പ്രധാന ചുമതല.
നാലംഗ ആർട്ടെമിസ് 2 സംഘത്തിൽ നാസയുടെ സജീവ സർവീസിൽ തുടരുന്ന ഏക അംഗം മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ചാണ്. ദൗത്യത്തിൽ കാനഡയെ പ്രതിനിധീകരിച്ച ജെറമി ഹാൻസൻ നേരത്തെ കനേഡിയൻ സ്പേസ് ഏജൻസിയിലെ സജീവ സേവനത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആർട്ടെമിസ് 2 ദൗത്യത്തിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുന്നതിനുള്ള നാസയുടെ പദ്ധതിയിൽ നിർണായക പങ്കുവഹിച്ച സംഘമാണ് ഇപ്പോൾ പുതിയ ഉത്തരവാദിത്തങ്ങളിലേക്ക് മാറുന്നത്.



