കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി റോജി എം. ജോൺ. നൂറുകണക്കിന് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു.
ചോദ്യങ്ങളോടോ പ്രതിഷേധങ്ങളോടോ തനിക്ക് ഭയമോ അസഹിഷ്ണുതയോ ഇല്ലെന്നും എന്നാൽ വിദ്യാർത്ഥികളുടെ വിലപ്പെട്ട നിമിഷങ്ങൾ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വഴങ്ങാനാകില്ലെന്നും റോജി എം. ജോൺ വ്യക്തമാക്കി.
പ്രതിഷേധിക്കാനും ബാനറുകൾ ഉയർത്തി അവിടെ തുടരാനുമുള്ള അവകാശത്തെ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിച്ചാണ് താൻ വേദിയിൽ നിലകൊണ്ടതെന്നും മന്ത്രി പറഞ്ഞു. ഏകദേശം ഇരുപത് മിനിറ്റോളം പ്രതിഷേധക്കാർക്കിടയിൽ നിന്നുകൊണ്ട് അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് വേദി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ സന്തോഷം തല്ലിക്കെടുത്തി സമരത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതിയാൽ അതിന് മുന്നിൽ താനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വഴങ്ങില്ലെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിൽനിന്ന് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അഴിപ്പിച്ച കാലമല്ല കേരളത്തിലേതെന്നും മന്ത്രി വിമർശിച്ചു.
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ വിദ്യാർത്ഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ സദസ്സിൽനിന്ന് വിദ്യാർത്ഥികൾ ചോദ്യങ്ങളുമായി രംഗത്തെത്തി. തുടർന്ന് യൂണിയൻ വൈസ് ചെയർപേഴ്സൺ നഫീസത്തുല്‍ മിസ്രിയ വേദിയിലെത്തി ചോദ്യങ്ങൾ ആവർത്തിച്ചു.
വിദ്യാർത്ഥികളെ എന്തിനാണ് സസ്പെൻഡ് ചെയ്തതെന്നും രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനെ എന്തിനാണ് ഭയപ്പെടുന്നതെന്നും മിസ്രിയ മന്ത്രിയോട് ചോദിച്ചു. മറുപടി നൽകാമെന്ന് പറഞ്ഞിട്ടും പരിപാടി തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇതിനിടെ ‘വിദ്യാർത്ഥികളെ എന്തിന് സസ്പെൻഡ് ചെയ്തു?’, ‘കാലടിയിലെ വിദ്യാർത്ഥികളെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളുമായി എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചു. സുരക്ഷാ ജീവനക്കാർ മിസ്രിയയെ വേദിയിൽനിന്ന് മാറ്റാൻ ശ്രമിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയായിരുന്നു. സംഭവം രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.




