തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കെ.എസ്. ഷിൻരാജിനെതിരെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടപടി സ്വീകരിച്ചത്.
ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ച് അബോധാവസ്ഥയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര എക്സൈസ് സംഘം പരിശോധന നടത്തി. ഉച്ചകഴിഞ്ഞ് 2.30ഓടെ ചെക്ക്‌പോസ്റ്റിലെത്തിയ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി പോയിന്റിലും ചെക്ക്‌പോസ്റ്റിലെ കണ്ടെയ്‌നർ മുറിയിലും ആരെയും കണ്ടെത്താനായില്ല.
തുടർന്ന് ജനറൽ ഡയറി പരിശോധിച്ചപ്പോൾ രാവിലെ ഒൻപത് മണിക്ക് ഷിൻരാജ് ഡ്യൂട്ടിയിൽ പ്രവേശിച്ചതായി രേഖപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ജീവനക്കാർ വിശ്രമത്തിനായി ഉപയോഗിക്കുന്ന വാടകക്കെട്ടിടത്തിൽ യൂണിഫോമിൽ ഷിൻരാജിനെ കണ്ടെത്തി.
ഡ്യൂട്ടി സമയത്ത് വിശ്രമമുറിയിൽ ഉണ്ടായിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാനായില്ല. പെരുമാറ്റത്തിൽ മദ്യപിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മദ്യപിച്ചതായി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഡ്യൂട്ടി സമയത്തെ മദ്യപാനം ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് വിലയിരുത്തിയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സൂരജ് സസ്പെൻഷൻ ഉത്തരവിറക്കിയത്.




