മീൻ പ്രേമികൾക്ക്, പ്രത്യേകിച്ച് ചൂര മീൻ കഴിക്കുന്നവർക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെക്കൻ ബ്രസീൽ തീരത്ത് നിന്ന് പിടിച്ച സ്കിപ്‌ജാക് ട്യൂണ (Katsuwonus pelamis) കളിൽ 96 ശതമാനത്തിലും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി 2026 ഓഷൻ ആന്റ് കോസ്റ്റൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു. വിവിധ മത്സ്യബന്ധന മേഖലകളിൽ നിന്ന് ശേഖരിച്ച 53 സ്കിപ്ജക് ചൂരകളെയാണ് ഗവേഷകർ പരിശോധിച്ചത്. ഇതിൽ നിന്ന് 1,600ലേറെ പാരസൈറ്റുകളെയാണ് കണ്ടെത്തിയത്.
പരിശോധിച്ച 10 അവയവങ്ങളിൽ കിഡ്നിയിലും ഹൃദയത്തിലും ഒഴിച്ച് മീനുകളുടെ എല്ലാ ഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയത്രേ. മനുഷ്യർ കഴിക്കാൻ ഉപയോഗിക്കുന്ന മാംസഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പഠനത്തിൽ പറയുന്നു. പ്രധാനമായും Anisakis വിഭാഗത്തിലുള്ള നെമറ്റോഡുകൾ, Trypanorhyncha വിഭാഗത്തിലുള്ള ടേപ്പ്‌വോം ലാർവകൾ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.
ഇവയിൽ Anisakis പാരസൈറ്റുകൾ മനുഷ്യരിലേക്ക് പകരാവുന്നവയാണ്. ഇവ സാധാരണയായി മത്സ്യത്തിന്റെ ആന്തരാവയവങ്ങൾ, കുടൽ, ചുറ്റുമുള്ള ടിഷ്യൂകൾ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. മത്സ്യം പിടികൂടിയതിന് ശേഷം ആന്തരാവയവങ്ങൾ വേഗത്തിൽ നീക്കം ചെയ്യാതിരുന്നാൽ ലാർവകൾ മാംസപേശിയിലേക്ക് നീങ്ങിയേക്കും.
ശരിയായ രീതിയിൽ വേവിക്കാതോയും പച്ചയ്ക്കോ കഴിക്കുന്നത് മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലരിൽ Anisakis-നോട് ബന്ധപ്പെട്ട അലർജി പ്രതികരണങ്ങളും ഉണ്ടാകാം. ശരിയായ രീതിയിൽ പാകം ചെയ്യുന്നത് ജീവനുള്ള പരാന്നഭോജികളെ നശിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമാണ്. സിഡിസി പ്രകാരം മത്സ്യം കുറഞ്ഞത് 145°F അഥവാ ഏകദേശം 63°C ആന്തരിക താപനിലയിൽ പാകം ചെയ്യുമ്പോൾ പാരസൈറ്റുകൾ നശിക്കും. ശരിയായ രീതിയിൽ മീനുകൾ ഫ്രീസ് ചെയ്യുന്നതും പാരസൈറ്റുകളെ നശിപ്പിക്കാൻ സഹായിക്കും.



