സുൽത്താൻ ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് വയനാട് പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ. ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ സ്വദേശി ജാസിം അലി (30) എന്നിവരാണ് അറസ്റ്റിലായത്.
മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ലഹരി കൈമാറിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജൂലൈ 27ന് മുത്തങ്ങയിൽ 17.188 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. ഫഹദ് (25) പിടിയിലായിരുന്നു.
സ്കൂട്ടറിന്റെ വൈസറിനുള്ളിൽ സഞ്ചിയിൽ ഒളിപ്പിച്ചാണ് ഇയാൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് ഫഹദിനെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് ലഹരി കൈമാറിയ എ.കെ. ധനൂപിനെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് ഈ മാസം എട്ടിന് അറസ്റ്റ് ചെയ്തത്.
അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടൂരിൽ ജൂലൈ 20ന് നടത്തിയ പരിശോധനയിൽ കൽപ്പറ്റ മുണ്ടേരി സ്വദേശി വേണുഗോപാൽ (35) 124.39 ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാൾക്ക് രാസലഹരി കൈമാറിയ ജാസിം അലിയെയാണ് ബുധനാഴ്ച വൈകുന്നേരം ബത്തേരിയിൽ നിന്ന് അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരി വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.












