പത്തനംതിട്ട: വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് രോഗിക്ക് ആശുപത്രിയിൽ ചികിത്സ നൽകാതെ പുറത്ത് കിടത്തിയതായി പരാതി. പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് ഇന്നലെ രാത്രി സംഭവം.
അപസ്മാരബാധയെ തുടർന്ന് നൂറനാട് സ്വദേശിയായ 69കാരി വിജയലക്ഷ്മിയെ ബന്ധുക്കൾ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ വൈദ്യുതി ഇല്ലെന്നും ജനറേറ്റർ പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞ് ഏകദേശം 10 മിനിറ്റോളം ചികിത്സ നൽകാതെ രോഗിയെ പുറത്ത് കിടത്തിയെന്നാണ് ബന്ധുക്കളുടെ പരാതി.
രോഗിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ആശുപത്രി അധികൃതർ ബന്ധുക്കളോട് നിർദേശിച്ചതായി പറയുന്നു. നേരത്തെ മുതൽ വിജയലക്ഷ്മി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറുടെ സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇതേ ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ കാഷ്വാലിറ്റി ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർ എത്തി രോഗിയെ പരിശോധിച്ചു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് ചികിത്സ ലഭിച്ചതെന്നും അവർ ആരോപിച്ചു.
മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ജനറേറ്റർ തകരാർ പരിഹരിക്കാത്തതിനെക്കുറിച്ച് ചോദിച്ചതാണ് ആശുപത്രി അധികൃതരെ പ്രകോപിപ്പിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. നിലവിൽ വിജയലക്ഷ്മി അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.




