ന്യൂഡൽഹി: ദില്ലിയിൽ ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭാരത് മണ്ഡപത്തിലാണ് അംഗരാജ്യങ്ങളുടെ യോഗം നടക്കുന്നത്. ഉച്ചകോടി ചരിത്രപരമാണെന്നും മോദി വിശേഷിപ്പിച്ചു.
അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി പത്ത് നിർദേശങ്ങളും മോദി മുന്നോട്ടുവച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില രാജ്യങ്ങളിൽ മാത്രം അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലെ സാഹചര്യം മാറണമെന്നും മോദി പറഞ്ഞു.
ബ്രിക്സിന്റെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളിലും പരിഷ്കാരം വേണം. നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ സംവിധാനം ആവശ്യമാണ്. ബ്രിക്സ് പ്രധാന ശക്തിയായി മാറുന്ന സാഹചര്യത്തിൽ അടുത്ത 20 വർഷത്തേക്കുള്ള വ്യക്തമായ അജണ്ട തയ്യാറാക്കണമെന്നും മോദി പറഞ്ഞു.
ബ്രിക്സിലെ ഐക്യം ആഗോള വേദിയിൽ പ്രകടമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആഗോള അധികാര ശ്രേണി പിരമിഡ് പോലെയാണെന്നും അത് പൊളിച്ചെഴുതണമെന്നും മോദി ആവശ്യപ്പെട്ടു. വളർന്നുവരുന്ന ശക്തികൾക്ക് സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് നൽകണമെന്നും ഗ്ലോബൽ സൗത്ത് നിയമങ്ങൾ അനുസരിക്കുന്നവരിൽ നിന്ന് നിയമങ്ങൾ രൂപപ്പെടുത്തുന്നവരായി മാറണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.




