വാഷിങ്ടൻ: വീസ കാലാവധി തീരുംമുൻപേ ജോലി നഷ്ടമായാൽ പുതിയതു കണ്ടെത്താൻ 60 ദിവസം വരെ രാജ്യത്തു തുടരാൻ ഇളവനുവദിക്കുന്ന നിയമം റദ്ദാക്കാനൊരുങ്ങി യുഎസ്എ. എച്ച്1ബി വീസയ്ക്കുകൂടി ബാധകമായ ഈ ഭേദഗതിയുടെ കരടു ശുപാർശ പ്രസിദ്ധീകരിച്ചു. നിയമമായാൽ, ജോലി നഷ്ടമാകുന്ന എച്ച്1ബി വീസക്കാരടക്കം ഉടൻ യുഎസ് വിടണം. ടെക് കമ്പനികളിൽ ജോലിയെടുക്കുന്ന ഇന്ത്യക്കാർക്ക് ഏറ്റവും തിരിച്ചടിയാകുന്ന ശുപാർശയിൽ പൊതുജനാഭിപ്രായം തേടി 2 മാസത്തിനകമാണു നിയമമാക്കുക. ചില വിദഗ്ധ തൊഴിൽമേഖലകളിലാണ് നിയമം കർശനമാകുക.
നിലവിൽ ഇ1, ഇ2, ഇ3, എച്ച്1ബി, എച്ച്1ബി1, എൽ1, ഒ1 എന്നീ വീസകളിലാണ് കാലാവധി തീരുംമുൻപേ ജോലി നഷ്ടമായാൽ പുതിയ ജോലി കണ്ടെത്താൻ 60 ദിവസം വരെ തുടരാവുന്നത്. ഈ ഇളവാണ് റദ്ദാക്കാൻ ഒരുങ്ങുന്നത്. വിദേശികൾക്ക് യുഎസിൽ തുടർന്നുകൊണ്ടുതന്നെ ജോലിമാറ്റം എളുപ്പമാക്കാനായി ബറാക് ഒബാമയുടെ ഭരണകാലത്താണ് ഈ നിയമം കൊണ്ടുവന്നത്.
















