ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിനിടെ തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ വിജയ്‌യും അജിത് കുമാറും ഒന്നിച്ചെത്തിയത് ശ്രദ്ധ നേടുന്നു. അജിത് കുമാറിന്റെ റേസിംഗ് ടീമിന്റെ മത്സരത്തിന് വിജയ് പച്ചക്കൊടി വീശി. ചടങ്ങിനിടെ വിജയ് അജിത്തിനെ ഓടിയെത്തി ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
റേസിന് മുന്നോടിയായി വിജയുടെ സാന്നിധ്യത്തെക്കുറിച്ച് അജിത് മാധ്യമങ്ങളോട് സംസാരിച്ചു. തിരക്കേറിയ സമയക്രമത്തിനിടയിലും സിൽവർസ്റ്റോണിൽ എത്തി തങ്ങളെ കാണാൻ സമയം കണ്ടെത്തിയതിന് വിജയ്ക്ക് അജിത് നന്ദി പറഞ്ഞു.
കഴിഞ്ഞ 34 വർഷമായി തങ്ങൾ സിനിമാരംഗത്തെ സഹപ്രവർത്തകരാണെന്നും വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിൽ തനിക്ക് സന്തോഷമുണ്ടെന്നും അജിത് പറഞ്ഞു. മോട്ടോർസ്പോർട്ട് ഉൾപ്പെടെ വിവിധ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തമിഴ്നാട് സർക്കാർ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അജിത് വ്യക്തമാക്കി. ലെ മാൻസ് സീരീസ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ ഇന്ത്യയിലും പ്രത്യേകിച്ച് ചെന്നൈയിലും സംഘടിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് സിനിമയിലെ രണ്ട് മുൻനിര താരങ്ങളാണ് അജിത്തും വിജയിയും. 1993ൽ ‘അമരാവതി’യിലൂടെ അജിത് നായകനായി അരങ്ങേറ്റം കുറിച്ചപ്പോൾ, 1992ൽ ‘നാളൈ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനായി അരങ്ങേറ്റം കുറിച്ചത്. ഇരുവരുടെയും ആരാധകർ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ പലപ്പോഴും ഏറ്റുമുട്ടാറുണ്ടെങ്കിലും താരങ്ങൾ തമ്മിലുള്ള സൗഹൃദം തുടരുകയാണ്.
അജിത്തിന്റെ റേസിംഗ് മത്സരത്തിന് വിജയ് പച്ചക്കൊടി വീശിയതും ഇരുവരും സൗഹൃദത്തോടെ കണ്ടുമുട്ടിയതും ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ് ‘ജനനായകൻ’ എന്ന ചിത്രത്തോടെ അഭിനയജീവിതത്തോട് വിടപറഞ്ഞിരിക്കുകയാണ്. അതേസമയം, അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അജിത് അഭിനയിക്കുന്നത്.


