ജനലുകളും വാതിലുകളും
ഇപ്പോഴത്തെ കൊടും ചൂട് മറികടക്കാൻ വീടിനുള്ളിലെ വായുസഞ്ചാരം കൂട്ടേണ്ടത് പ്രധാനമാണ്. രാവിലെ നേരത്തെയും വൈകുന്നേരവും അന്തരീക്ഷം താരതമ്യേന തണുത്തിരിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കാം. എന്നാൽ ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ജനലുകൾ കർട്ടൻ, ബ്ലൈൻഡ് തുടങ്ങിയവ ഉപയോഗിച്ച് അടച്ചിടുന്നത് വീടിനുള്ളിലേക്ക് ചൂട് കയറുന്നത് കുറയ്ക്കാൻ സഹായിക്കും.
ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കേണ്ട
വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിഡ്ജിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നത് അകത്തെ തണുപ്പ് വേഗത്തിൽ നഷ്ടപ്പെടാൻ കാരണമാകും. അതുകൊണ്ട് വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിഡ്ജ് തുറന്ന് നോക്കുന്നത് ഒഴിവാക്കുക. പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള പാൽ, മാംസം, മീൻ തുടങ്ങിയ ഭക്ഷണങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
എല്ലാം ഒന്നിച്ച് ഓൺ ആക്കരുത്
കറന്റ്ൾ പോയി വരുമ്പോൾ വീട്ടിലെ എല്ലാ ഉപകരണങ്ങളും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക. ടിവി, കമ്പ്യൂട്ടർ, മൈക്രോവേവ്, വാഷിങ് മെഷീൻ, എസി തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമനുസരിച്ച് ക്രമേണ ഓൺ ചെയ്യാം. വൈദ്യുതി തിരിച്ചെത്തുമ്പോൾ വോൾട്ടേജ് വ്യതിയാനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആവശ്യമായ സംരക്ഷണ സംവിധാനം ഉപയോഗിക്കുന്നത് നല്ലതാണ്.


