വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രതി. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്താണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. മോഷണവിവരം പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ സബിത്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് സുൽത്താൻ ബത്തേരി ഡിവൈഎസ്പി എസ്പിക്ക് ശുപാർശ നൽകി.
തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസാണ് സ്റ്റേഷനിലെ മുറിയിൽ നിന്ന് കാണാതായത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.
മോഷണത്തിന് പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജൂലൈ 18ന് രാത്രിയിലാണ് മോഷണം നടന്നത്. അന്ന് സബിത്തിനായിരുന്നു സ്റ്റേഷനിലെ ജിഡി ചുമതല. രാത്രി 12 മണിക്ക് ശേഷമാണ് ഹാൻസ് കടത്തിയത് എന്നാണ് കണ്ടെത്തൽ. സ്വന്തം കാറിൽ കയറ്റിയാണ് ഹാൻസ് സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.












