തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.ഇ.ബി. ജീവനക്കാരും ഉൾപ്പെട്ട എ.ഐ. ഡാൻസ് വീഡിയോ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് വിവരം. അതേസമയം, മറ്റ് രാജ്യങ്ങളിൽ വീഡിയോ ഇപ്പോഴും കാണാൻ സാധിക്കുന്നുണ്ട്.
കെ.എസ്.ഇ.ബിയുടെ പവർകട്ടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. തൃശ്ശൂർ സ്വദേശി അഭിജിത്തും ദുബായിലുള്ള സുഹൃത്ത് അഖിലും ചേർന്നാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കിയത്.
പവർകട്ടിനെ തുടർന്നുണ്ടായ ജനങ്ങളുടെ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 1.78 കോടി പേരാണ് ഇതിനകം വീഡിയോ കണ്ടത്. അരലക്ഷത്തിലേറെ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ ഇത്രയധികം ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിജിത്ത് പറഞ്ഞു.
വീഡിയോയിൽ എ.ഐ. ഉപയോഗിച്ചതാണെന്ന മുന്നറിയിപ്പും നേരത്തെ നൽകിയിരുന്നു. റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇന്ത്യയിൽ നിന്ന് വീഡിയോ നീക്കം ചെയ്തതെന്നാണ് അഭിജിത്തിന്റെ വിശദീകരണം. മറ്റ് ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വീഡിയോ ഇപ്പോഴും ലഭ്യമാണെങ്കിലും അവയും വൈകാതെ ഇന്ത്യയിൽ ലഭ്യമല്ലാതാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. എ.ഐ. വീഡിയോയിൽ മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.



