തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും കണ്ണൂർ-കാസർഗോഡ് തീരങ്ങളിലെ വിവിധ ഭാഗങ്ങളിലുമാണ് സെപ്റ്റംബർ 15 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യത.
കന്യാകുമാരി തീരത്ത് സെപ്റ്റംബർ 15 രാവിലെ 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലയും ശക്തമാകുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇരു നടപടികളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും വേണം.
തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.



