തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരെ മറ്റ് സർക്കാർ ജോലികൾക്ക് നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാനത്തും നടപ്പാക്കും. മാതൃ-ശിശു ആരോഗ്യ, പോഷണ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അങ്കണവാടി ജീവനക്കാർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന സർവേകൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിഎൽഒ ചുമതലകൾ, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയ്ക്കായി ഇനി അങ്കണവാടി ജീവനക്കാരെ നിയോഗിക്കരുതെന്നാണ് നിർദേശം. അങ്കണവാടി ജീവനക്കാരെ അധിക ചുമതലകൾ ഏൽപ്പിക്കുന്നത് അവരുടെ പ്രധാന ഉത്തരവാദിത്വങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ‘മിഷൻ സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0’ മാർഗനിർദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാർ തീരുമാനം നടപ്പാക്കുന്നത്. അധിക ജോലികളിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുന്നത് അങ്കണവാടി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മാതൃ-ശിശു ആരോഗ്യ, പോഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനും സഹായിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
പോഷകാഹാര വിതരണം, അനൗപചാരിക പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ-പോഷണ ബോധവത്കരണം, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധന എന്നിവയാണ് അങ്കണവാടി ജീവനക്കാരുടെ പ്രധാന ചുമതലകൾ. ഇതിന് പുറമെ പോഷൻ ട്രാക്കർ ആപ്പിലെ ദൈനംദിന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ, ഹാജർ രേഖപ്പെടുത്തൽ, കുട്ടികളുടെ വളർച്ചാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം.
അങ്കണവാടി ജീവനക്കാരെ മറ്റ് ജോലികൾക്ക് നിയോഗിക്കരുതെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നേരത്തെ തന്നെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. മാതൃ-ശിശു വികസന പ്രവർത്തനങ്ങളിൽ ജീവനക്കാർക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനാണ് നിർദേശം കർശനമായി നടപ്പാക്കുന്നത്.


