തിരുനെൽവേലി: ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് ഗണപതിയുടെ ചിത്രം ഉപയോഗിച്ച് ബിരിയാണിക്കടയുടെ പരസ്യം നൽകിയ സംഭവത്തിൽ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി നഗരത്തിലെ കല്യാണം ബിരിയാണി കട ഉടമ എം. ജയന്താണ് അറസ്റ്റിലായത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സെൽവരാജ് നൽകിയ പരാതിയിലാണ് നടപടി. വി.എം. ചത്രം പാലത്തിന് സമീപമുള്ള കടയ്ക്ക് മുന്നിലാണ് വിവാദ ബാനർ സ്ഥാപിച്ചിരുന്നത്. ‘അറബിക്-സ്റ്റൈൽ ചിക്കൻ 65 ബിരിയാണി’ക്ക് 99 രൂപയുടെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചായിരുന്നു പരസ്യം. സെപ്റ്റംബർ 13, 14 തീയതികളിൽ മാത്രമാണ് ഓഫർ ലഭ്യമാകുകയെന്നും ബാനറിൽ വ്യക്തമാക്കിയിരുന്നു.
‘വിനായക ചതുർത്ഥി സ്പെഷ്യൽ’ എന്ന് തമിഴിൽ എഴുതിയ ബാനറിൽ, വലിയ ബിരിയാണി ചെമ്പിന് മുന്നിൽ ഗണപതി ബിരിയാണി അലങ്കരിക്കുന്ന രീതിയിലുള്ള ചിത്രമാണ് ഉണ്ടായിരുന്നത്. ചിത്രം ഉപയോഗിച്ചതിനെതിരെ ഹിന്ദു മുന്നണി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ദൈവത്തെ മാംസാഹാരം പാചകം ചെയ്യുന്ന രീതിയിൽ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തുടർന്ന് പൊലീസ് ഇടപെട്ട് ബാനർ നീക്കം ചെയ്യുകയും കടയുടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.












